കണ്ണൂർ: നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിൽ നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുന്നതുമായി ബന്ധപ്പെട്ട് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.
കഴിഞ്ഞദിവസം കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരം ടി.ഒ. മോഹനൻ എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരും സമരസമിതി ഭാരവാഹികളും ഉൾപ്പെടുന്ന സംഘമാണ് മേഖലയിൽ പരിശോധന നടത്തിയത്.
പ്രദേശത്ത് അടിപ്പാത അനിവാര്യമാണോ എന്ന കാര്യം നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് ചെയ്യുന്നതിന് കഴിഞ്ഞദിവസം ഇത് സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തിരുന്നു. എംഎൽഎയെ കൂടാതെ ലാൻഡ് അക്വസിഷൻ ഡപ്യുട്ടി കളക്ടർ അനീഷ്, ആർടിഒ, പോലിസ് ഉദ്യോഗസ്ഥർ, ദേശീയപാത ഉദ്യോഗസ്ഥർ, സമര സമിതി ചെയർമാൻ കായക്കൽ രാഹുൽ, ബസ് ഉടമ പ്രതിനിധികളായ രാജ് കുമാർ, പി.കെ. പവിത്രൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കരാറുകാർ എന്നിവരും ഉണ്ടായിരുന്നു.
പരിശോധനയിൽ കരാർ കമ്പനി പ്രതിനിധികൾ മുന്നോട്ടുവച്ച കാര്യങ്ങൾ നടപ്പിലാക്കുന്നത് പ്രായോഗികം അല്ലെന്നും നാട്ടിൽ വികസനം കൊണ്ടുവരുമ്പോൾ ചുരുങ്ങിയത് 30 വർഷം എങ്കിലും മുന്നിൽ കണ്ട് മുന്നോട്ടുകൊണ്ടുവരുന്ന വികസനങ്ങൾ മാത്രമേ വിജയിക്കുകയുള്ളു എന്നും എംഎൽഎ അഭിപ്രായപെട്ടു.
എംഎൽഎയും സംഘവും ബസ് യാത്ര ചെയ്ത് അടിപ്പാതയുടെ ആവശ്യകത ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. അടിപ്പാത സംബന്ധിച്ച് സമര സമിതിയുടെ നേതൃത്വത്തിൽ വർഷങ്ങളായി പ്രദേശത്തു സമരം സംഘടിപ്പിച്ച് വരികയാണ്.